Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SouthChinaSea

ആസിയാൻ ഉച്ചകോടി; യുഎസ്-ഇറാൻ സംഘർഷവും ആ​ഗോ​ള സാ​മ്പ​ത്തി​ക പ്രതിസന്ധിയും പ്രധാന ചർച്ച

 മനില: ആ​സി​യാ​ൻ വി​ദേ​ശ​കാ​ര്യമ​ന്ത്രി​മാ​രു​ടെ ഉ​ച്ച​കോ​ടി ഫിലിപീൻസ് തലസ്ഥാനമായ മ​നി​ല​യി​ൽ പുരോഗമിക്കുന്നു. തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ആ​സി​യാനിലെ പതിനൊന്ന് അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യമ​ന്ത്രി​മാ​രും പ​ങ്കാ​ളി​ത്ത രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​മാ​ണ് മ​നി​ല​യി​ൽ സ​മ്മേ​ളി​ക്കു​ന്ന​ത്. പശ്ചിമേഷ്യയിൽ തുടരുന്ന യുഎ​സ് - ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നടക്കുന്ന സമ്മേളനം ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നു.

 

മേ​ഖ​ലയിലും ആ​ഗോ​ള​ത​ല​ത്തിലും നി​ല​നി​ൽ​ക്കു​ന്ന ക​ടു​ത്ത രാ​ഷ്ട്രീ​യ, സു​ര​ക്ഷാ ആ​ശ​ങ്ക​കൾ ചർച്ചയാകും. പ​ശ്ചി​മേ​ഷ്യൻ​ സം​ഘ​ർ​ഷം ആ​ഗോ​ള സാ​മ്പ​ത്തി​ക രം​ഗ​ത്തെ​യും ഊ​ർജ വി​ത​ര​ണ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാധിക്കുന്ന സാഹചര്യവും പ്ര​ധാ​ന ച​ർ​ച്ചയിൽപ്പെടുന്നു. മ്യാ​ന്മ​റി​ലെ സൈ​നി​ക അ​ട്ടി​മ​റി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​ഭ്യ​ന്ത​രകലാപം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​സി​യാ​ൻ മു​ന്നോ​ട്ടുവ​ച്ച സ​മാ​ധാ​നപ​ദ്ധ​തി അ​ഞ്ചു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടി​ല്ല. ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട ​സം​ഘ​ർ​ഷ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ൾ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തും.

തെ​ക്ക​ൻ ചൈ​നാ ക​ട​ലി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​സി​യാ​നും ചൈ​ന​യും ത​മ്മി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​ത്തു വ​ർ​ഷ​മാ​യി തു​ട​രു​ക​യാ​ണ്. അ​ടു​ത്തി​ടെ ത​ർ​ക്ക​പ്ര​ദേ​ശ​മാ​യ സെ​ക്ക​ൻ​ഡ് തോ​മ​സ് ഷോ​ളിനു സ​മീ​പം ഫി​ലിപീ​ൻ​സ് സൈനികനുനേരേ ചൈനീ​സ് കോ​സ്റ്റ് ഗാ​ർ​ഡ് ആ​ക്ര​മ​ണം ന​ട​ത്തിയത് മേ​ഖ​ല​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാംഗ് യി ​എ​ന്നി​വ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് പു​റ​മെ ഇ​ന്ത്യ, ജ​പ്പാ​ൻ, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ, റ​ഷ്യ, ബ്രി​ട്ട​ൻ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കു​ചേ​രും. ഉ​ച്ച​കോ​ടി​യു​ടെ അ​നു​ബ​ന്ധ​മാ​യി യു​എ​സ് - ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, തെ​ക്ക​ൻ ചൈ​നാ ക​ട​ലി​ലൂടെയുള്ള ക​പ്പ​ൽ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യം യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ചൂ​ണ്ടി​ക്കാ​ട്ടി. വാ​ണി​ജ്യ പാ​ത​ക​ൾ ഒ​രു പ്ര​ത്യേ​ക ശ​ക്തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്ന​ത് മേ​ഖ​ല​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​നും സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​ണെ​ന്നും റൂബിയോ മു​ന്ന​റി​യി​പ്പ് ന​ൽ​കി. 2016-ലെ ​അ​ന്താ​രാ​ഷ്ട്ര ത​ർ​ക്ക​പ​രി​ഹാ​ര കോ​ട​തി​യു​ടെ വി​ധി അ​നു​സ​രി​ച്ച് ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ൽ ചൈ​ന ഉ​ന്ന​യി​ക്കു​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കു നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്നും റൂ​ബി​യോ ആ​വ​ർ​ത്തി​ച്ചു.

 

Latest News

Corehub Up